Matthew 10

യേശു പന്ത്രണ്ടുപേരെ അയയ്ക്കുന്നു

1അതിനുശേഷം യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അടുക്കൽ വിളിച്ച് ദുരാത്മാക്കളെ പുറത്താക്കാനും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കാനും അവർക്ക് അധികാരംനൽകി.

2പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകൾ ഇവയാണ്:

ഒന്നാമൻ പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്;
സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ;
3ഫിലിപ്പൊസ്, ബർത്തൊലൊമായി;
തോമസ്, നികുതിപിരിവുകാരനായ മത്തായി;
അല്‌ഫായിയുടെ മകനായ യാക്കോബ്, തദ്ദായി;
4കനാന്യനായ
അഥവാ, ദേശീയവാദിയായ. റോമൻ അധിനിവേശത്തെ ചെറുത്തുകൊണ്ട് അതിനെതിരായി പ്രവർത്തിച്ച യെഹൂദർക്കിടയിലെ ഒരു വിഭാഗമാണ് ഇവർ.
ശിമോൻ, യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കര്യോത്ത് യൂദാ.

5യേശു ഈ നിർദേശങ്ങൾ നൽകി പന്ത്രണ്ട് അപ്പൊസ്തലന്മാരെ അയച്ചു: “നിങ്ങൾ യെഹൂദേതരരുടെ മധ്യത്തിലേക്കു പോകുകയോ ശമര്യരുടെ ഏതെങ്കിലും പട്ടണത്തിൽ പ്രവേശിക്കയോ ചെയ്യരുത്. 6പിന്നെയോ, ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുതന്നെ ചെല്ലുക. 7‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു,’ എന്ന സന്ദേശം നിങ്ങൾ പോയി വിളംബരംചെയ്യുക. 8രോഗികളെ സൗഖ്യമാക്കുക, മരിച്ചവരെ ഉയിർപ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചിരിക്കുന്നു; സൗജന്യമായിത്തന്നെ നൽകുക.

9“നിങ്ങളുടെ മടിശ്ശീലയിൽ സ്വർണം, വെള്ളി, ചെമ്പ് ഇവകൊണ്ടുള്ള നാണയങ്ങൾ കരുതിവെക്കരുത്; 10സഞ്ചിയോ രണ്ട് വസ്ത്രമോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ. 11നിങ്ങൾ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അവിടെ യോഗ്യനായി ആരുണ്ടെന്ന് അന്വേഷിക്കുക; ആ സ്ഥലത്തുനിന്ന് പോകുന്നതുവരെ അയാളുടെ ഭവനത്തിൽത്തന്നെ താമസിക്കുക. 12ആ വീട്ടിൽ പ്രവേശിക്കുന്നമാത്രയിൽ അവർക്ക് ‘സമാധാനം’
മൂ.ഭാ. അഭിവാദനം
ആശംസിക്കുക.
13ആ ഭവനത്തിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിൽ നിവസിക്കും; അല്ലാത്തപക്ഷം സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങിവരും. 14ആരെങ്കിലും നിങ്ങളെ സ്വാഗതം ചെയ്യാതിരിക്കയോ നിങ്ങളുടെ സന്ദേശം അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, ആ ഭവനമോ പട്ടണമോ വിട്ടുപോകുക; പോകുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.
പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക, വിവക്ഷിക്കുന്നത് ഞങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റി, ഇനി നിങ്ങളുടെമേൽ വരുന്ന ശിക്ഷയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല.
15ന്യായവിധിദിവസത്തിൽ ആ പട്ടണനിവാസികൾക്കുണ്ടാകുന്ന അനുഭവത്തിന്റെ ഭയങ്കരതയെക്കാൾ സൊദോം, ഗൊമോറാ നിവാസികൾക്കുണ്ടായ അനുഭവം
ഉൽ. 19 കാണുക.
ഏറെ സഹനീയമായിരിക്കും, നിശ്ചയം.

16“ഇതാ, ചെന്നായ്ക്കളുടെ മധ്യത്തിലേക്ക് ആടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു; ആകയാൽ പാമ്പുകളെപ്പോലെ ബുദ്ധിചാതുര്യമുള്ളവരും പ്രാവുകളെപ്പോലെ നിർമലരും ആയിരിക്കുക. 17ജാഗ്രതയോടിരിക്കുക, മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക്
അതായത്, മഹാപുരോഹിതന്റെ അധ്യക്ഷതയിൽ യെഹൂദനേതൃത്വനിരയിലെ 70 പേർ അടങ്ങുന്ന സംഘം.
ഏൽപ്പിച്ചുകൊടുക്കുകയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും.
18എന്റെ അനുയായികളായതിനാൽ, നിങ്ങളെ അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ കൊണ്ടുപോകും. ഇങ്ങനെ അവർക്കും യെഹൂദേതരർക്കും മുമ്പിൽ നിങ്ങൾ എന്റെ സാക്ഷ്യംവഹിക്കും. 19അവർ നിങ്ങളെ അധികാരികൾക്ക് ഏൽപ്പിക്കുമ്പോൾ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല, നിങ്ങൾക്ക് പറയാനുള്ളത് തക്കസമയത്തുതന്നെ നിങ്ങളുടെ നാവിൽ തന്നിരിക്കും. 20അപ്പോൾ നിങ്ങളല്ല സംസാരിക്കുന്നത്, നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.

21“സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. 22നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം
മൂ.ഭാ. എന്റെ നാമംനിമിത്തം
സകലരും നിങ്ങളെ വെറുക്കും. എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
23ഒരിടത്തെ നിവാസികൾ നിങ്ങളെ ഉപദ്രവിക്കുമ്പോൾ മറ്റൊരിടത്തേക്ക് പലായനംചെയ്യുക. ഇസ്രായേൽ പട്ടണങ്ങളിലൂടെയുള്ള നിങ്ങളുടെ സഞ്ചാരം മനുഷ്യപുത്രന്റെ പുനരാഗമനത്തിലും പൂർത്തിയാക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.

24“ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; ദാസൻ യജമാനനെക്കാൾ ശ്രേഷ്ഠനുമല്ല. 25ശിഷ്യർക്ക് അവരുടെ ഗുരുവിനെപ്പോലെയാകുന്നതു മതി; ദാസർക്ക് യജമാനനെപ്പോലെ ആകുന്നതും മതി. അവർ ഗൃഹനാഥനെ ബേൽസെബൂൽ
ബേസെബൂൽ, ബേൽസെബൂബ് എന്നീ രൂപങ്ങളും ഉപയോഗിക്കുന്നു. ഭൂതങ്ങളുടെ തലവനാണ് ബേൽസെബൂൽ.
എന്നു വിളിച്ചെങ്കിൽ, കുടുംബാംഗങ്ങളെ എത്രയധികം!

26“ആകയാൽ, നിങ്ങൾ അവരെ ഭയപ്പെടരുത്. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. 27ഞാൻ നിങ്ങളോട് ഇരുളിൽ സംസാരിക്കുന്നത്, പകലിൽ പ്രസ്താവിക്കുക; നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കുക. 28നിങ്ങളുടെ ആത്മാവിനെ
മൂ.ഭാ. പ്രാണൻ
ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക.
29ഒരു രൂപയ്ക്ക്
ഒരു ദിവസത്തെ വേതനത്തിന്റെ പതിനാറിലൊന്ന്.
രണ്ട് കുരുവിയെ വിൽക്കുന്നില്ലയോ? നിങ്ങളുടെ പിതാവ് അറിയാതെ അവയിൽ ഒന്നുപോലും നിലത്തു വീഴുകയില്ല.
30നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. 31ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.

32“മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതു വ്യക്തിയെയും എന്റെ സ്വർഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ ഞാനും അംഗീകരിക്കും. 33മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും എന്റെ സ്വർഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ ഞാനും നിരാകരിക്കും.

34“ഭൂമിയിൽ സമാധാനം വരുത്തുക എന്ന ഉദ്ദേശ്യമാണ് എന്റെ വരവിനെന്ന് നിങ്ങൾ കരുതരുത്, സമാധാനമല്ല, വാൾ വരുത്താനാണ് ഞാൻ വന്നിരിക്കുന്നത്. 35ഞാൻ വന്നത് ഭിന്നിപ്പിക്കാനാണ്:

“ ‘ഒരുവനെ തന്റെ പിതാവിനെതിരേയും
മകളെ തന്റെ അമ്മയ്ക്കെതിരേയും
മരുമകളെ തന്റെ അമ്മായിയമ്മയ്ക്കെതിരേയും,
36ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും.’ j
37“എന്നെക്കാളധികം സ്വന്തം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവർ എന്റേതായിരിക്കാൻ യോഗ്യരല്ല. എന്നെക്കാളധികം സ്വന്തം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവരും എനിക്കു യോഗ്യരല്ല. 38സ്വന്തം ക്രൂശ് വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കാത്തവരും എനിക്കു യോഗ്യരല്ല. 39സ്വന്തം ജീവനെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും.

40“നിങ്ങളെ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവരോ എന്നെ അയച്ച പിതാവിനെ സ്വീകരിക്കുന്നു. 41ഒരു പ്രവാചകനെ, പ്രവാചകൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു പ്രവാചകന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും; ഒരു നീതിനിഷ്ഠനെ നീതിനിഷ്ഠൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു നീതിനിഷ്ഠന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും. 42എന്റെ ശിഷ്യൻ എന്ന കാരണത്താൽ ഈ ചെറിയവരിൽ ഒരാൾക്ക് ഒരു പാത്രം തണുത്ത വെള്ളമെങ്കിലും കൊടുക്കുന്നയാൾക്ക് തന്റെ പ്രതിഫലം ഒരിക്കലും നഷ്ടമാകുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

Copyright information for MalMCV